മനോഹര കാഴ്ചയും ആസ്വദിക്കാം.

ഈ നാമത്തിൽ തന്നെ ഒരു സൂചന നമുക്ക് ലഭിക്കുന്നില്ലേ ? 
അതിലേക്ക് വരാം. 

നമ്മൾ മലയാളികളിൽ പലരും നഗരങ്ങൾ സന്ദർശിക്കുവാൻ പോകുവാറുണ്ട്.
കൊച്ചി, ബാംഗ്ളൂർ, ഹൈദരബാദ്, മുംബൈ, പൂനെ, കൊൽക്കത്ത, ഡൽഹി അങ്ങിനെ പല നഗരങ്ങളിലും. 

ചെന്നൈ എന്ന മഹാനഗരത്തിൽ കാഴ്ചകൾ ആസ്വദിക്കുവാനായി ഒരു യാത്ര ഒരു പക്ഷെ നമ്മളിൽ പലരും ചിന്തിക്കുവാറില്ല എന്നതാണ് സത്യം.
കാഴ്ചകളുടെ അഭാവമാണോ ചെന്നൈയെ നമ്മളിൽ നിന്നും അകറ്റുന്നതെന്ന് ചോദിച്ചാൽ രണ്ടാമതൊന്നും ആലോചിക്കാതെ അല്ല എന്നു ഞാൻ പറയും. 

വർഷം മുഴുവനും ഉയർന്ന ചൂടും, ആർദ്രതയും. അതാണ് ചെന്നൈയെ നമ്മളിൽ നിന്നും പുറകോട്ട് അടുപ്പിക്കുന്നത്. ജോലി, ഇന്റർവ്യൂ, ചടങ്ങുകൾ ഇതിന്റെ ഭാഗമായി മാത്രമാണ് അധിക പേരും ചെന്നൈയിലേക്ക് പോകുന്നത്. 2019 ജനുവരി 25 നാണ് ചെന്നൈയിലെ രണ്ടു ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കുവാൻ വേണ്ടി ഞാൻ നാട്ടിൽ നിന്നും ഒരു ഫാമിലിക്ക് ഒപ്പം അവരുടെ കാർ ഡ്രൈവ് ചെയ്തു പോയത്. 27 നായിരുന്നു ഗൃഹപ്രവേശ ചടങ്ങ്. അമ്മയുടെ അനുജത്തിയുടെയും, അവരുടെ മകൻ രോഹിതിന്റെയും ഗൃഹപ്രവേശന ചടങ്ങുകൾ. ഒരേ അപ്പാർട്ട്മെന്റിലെ രണ്ടു ഫ്ലാറ്റുകൾ. ഒരേ ദിവസം മിനുട്ടുകളുടെ വ്യത്യാസത്തിൽ മാത്രം ചടങ്ങുകൾ. 

സത്യത്തിൽ കാഴ്ചകളുടെ ഒരു കൂമ്പാരം തന്നെ ചെന്നൈയിലുണ്ട്. 

മറീന ബീച്ച്.
വി.ജി.പി. ഗോൾഡൺ ബീച്ച്. 
ബസന്ത് നഗർ ബീച്ച്. 
ബിർള പ്ലാനിറ്റോറിയം. 
ഗിണ്ടി നാഷണൽ പാർക്ക്. 
നിരവധി ക്ഷേത്രങ്ങൾ (കപാലീശ്വർ ക്ഷേത്രം പ്രശസ്തം). 
നിരവധി ചർച്ചുകൾ (സാന്തോം ചർച്ച്). 
മുട്ടുക്കാട് ബോട്ട് ഹൗസ്. 
ദക്ഷിണ ചിത്ര. 

നമുക്ക് ആനന്ദം നല്കുന്ന ചില കാഴ്ചകൾ വേറെയുമുണ്ട്. 
ടി. നഗറിൽ ബസാറിലെ ഷോപ്പിങ്ങ്. 
മദ്രാസ് ഹൈകോടതിയുടെയും, സെൻട്രൽ റെയിൽവെ സ്റ്റേഷന്റെയും ബാഹ്യ ദൃശ്യങ്ങൾ.
ചെന്നൈ സിറ്റിയിൽ നിന്നും 60 കി.മി. അകലെ സ്ഥിതി ചെയ്യുന്ന കല്ലുകളുടെ വിസ്മയ കഥകൾ പറയുന്ന മഹാബലീപുരം, 85 കി.മി. അകലെ സ്ഥിതി ചെയ്യുന്ന ക്ഷേത്രസമുച്ചയമായ കാഞ്ചീപുരം.
അങ്ങിനെ നീളുന്നു ഈ പട്ടിക. 

ഗൃഹപ്രവേശന ചടങ്ങ് ഉച്ചയാകുമ്പോഴേക്കും തീർന്നിരുന്നു. ഒരു നല്ല സായാഹ്നം എവിടെ ചിലവഴിക്കണം എന്ന ചിന്തയിലായിരുന്നു ഞാൻ. മറീന ബീച്ചാണ് ആദ്യം മനസ്സിൽ വന്നത്. മറീനയിൽ പോയാൽ എന്റെ ഇഷ്ട വിനോദം ബലൂണുകൾ വെടി വെച്ചു പൊട്ടിക്കലും, പൊരിച്ച മത്സ്യങ്ങൾ കഴിക്കലും ആണ്. പിറ്റേന്ന് രാവിലെയാണ് നാട്ടിലേക്ക് തിരിക്കുവാൻ തീരുമാനിച്ചത്. അതിനാൽ സമയം ആവശ്യത്തിലധികമുണ്ട്. പെട്ടെന്നാണ് ചിന്ത മാറി മറിഞ്ഞത് ഒരു വ്യത്യസ്തമായ സ്ഥലം തിരഞ്ഞെടുത്താലോ എന്ന്. അങ്ങിനെ ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ ആണ് "ദക്ഷിണ ചിത്ര" എന്ന നാമം കണ്ണിലുടക്കിയത്. 

രോഹിതിനോടും, അവന്റെ ഭാര്യ സൂര്യയോടും സ്ഥലത്തെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ നല്ല സ്ഥലമാണ്. വിനുവേട്ടനു തീർച്ചയായും ഇഷ്ടപ്പെടും എന്ന മറുപടിയാണ് ലഭിച്ചത്.
വൈകുന്നേരം 3 മണിക്ക് രോഹിതിന്റെ ഫ്ലാറ്റിൽ നിന്നും അവന്റെ ബൈക്കും വാങ്ങി ദക്ഷിണചിത്രയിലേക്ക് യാത്ര ആരംഭിച്ചു.
3:30 നു തന്നെ ലക്ഷ്യ സ്ഥാനത്തെത്തി. 

"ദക്ഷിണ ചിത്ര"   >       ചെന്നൈ സെൻട്രലിൽ നിന്നും ഏകദേശം 25 കി.മി. അകലെ ECR (East Coast Road) ൽ 10 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഹെറിറ്റേജ് വില്ലേജാണ് ദക്ഷിണചിത്ര. 
1996 ഡിസംബർ 14 നാണ് ദക്ഷിണചിത്ര പൊതു സമൂഹത്തിനായി തുറന്നു നല്കിയത്. M.C.F. (Madras Craft Foundation) കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

ഇതിനകത്തു പ്രവേശിച്ചു കഴിഞ്ഞാൽ ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും സംസ്ക്കാരം തൊട്ടറിയുവാൻ നമുക്ക് സാധിക്കും. ഒപ്പം തന്നെ ആ സംസ്ഥാനങ്ങളിൽ കാണുന്ന വൈവിധ്യമാർന്ന ഭവനങ്ങളുടെ അതി മനോഹര കാഴ്ചയും ആസ്വദിക്കാം. 

കേരളത്തിലെ വീടുകളുടെ മുൻപിലെ പടിപ്പുര ഒരു ആകർഷണം തന്നെയാണ്. 
ഇവിടത്തെ ബോർഡിൽ കൂത്താട്ടുകുളം രേഖപ്പെടുത്തിയിരിക്കുന്നത് കോട്ടയം ജില്ലയിലാണ്. യഥാർത്ഥത്തിൽ കൂത്താട്ടുകുളം സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. 
ആന്ധ്രപ്രദേശ് രണ്ടായി വിഭജിച്ചതോടെ നൽഗുണ്ട ജില്ല തെലങ്കാനയിലേക്ക് മാറി. 
അതും ബോർഡിൽ രേഖപ്പെടുത്തിയിട്ടില്ല. 
ഇവിടത്തെ കാഴ്ചകളെ നമ്പറുകളായി തരം തിരിച്ചിട്ടുണ്ട്.   

1.  Reception Lobby. 
2.  Craft Shop. 

Tamilnadu. 
3.  Merchant's House, Chettinad. 

Kerala. 
4.  Hindu House, Thiruvananthapuram. 
5.  Hindu House, Kozhikode.   
6. The Granary, Kuthattukulam. 
7. Syrian Christian House, Puthupally.

Tamilnadu. 
8. Tamilnadu Agraharam Brahmin House. 
9. Exhibition Religious Art. 
10. Ambur Art Gallery. 
11. Temple Chariot. 
12. Agriculturist House, Thanjavur.   
13. Textile Exhibition Hall. 
14. Weaver's House, Kanchipuram.   
15. Potter's House, Chengalpattu. 
16. Basket Weaver's Mud House, Tiruvallur.   
17. Village Ayyannar Shrine. 

Karnataka.
18. Muslim Trader's House, Chikmagalur.   
19. Weaver's House, Bagalkote.     

Andhra Pradesh.

20. Ikkat Weaver's House,  Nalgunda.
21. Chuttilu House,  Yelmanchili.

ചൊവ്വാഴ്ചയും, ദീപാവലിയും കൂടാതെ പൊങ്കലിനു ഇവിടെ അവധിയുണ്ടോ എന്നു എനിക്കു വ്യക്തമായി അറിയില്ല. 
കോൺടാക്ട് നമ്പറിൽ അന്വേഷിച്ചാൽ മതി. 

ഇവിടം സന്ദർശിക്കുവാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ രാവിലെ മ്യൂസിയം തുറക്കുന്ന സമയത്തു പോകുന്നതാണ് നല്ലത്. ഇവിടെ എത്ര സമയം ചിലവഴിച്ചാലും നിങ്ങളിൽ അരോചകം സൃഷ്ടിക്കില്ല എന്ന കാര്യത്തിൽ എനിക്കുറപ്പുണ്ട്   
ഇവിടെ ചിലവഴിച്ചതിനു ശേഷം വേണമെങ്കിൽ സമീപമുള്ള മുട്ടുക്കാട് ബോട്ട് ഹൗസിൽ ചെന്നാൽ അന്നത്തെ ദിനം എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന സുന്ദരമായ ഒരു ദിനം ആയിരിക്കും. 

കടപ്പാട് :വിനോദ് kp

Opening Times. 
10 A.M. To  6 P.M. 

Entry Fee.
Adults  : 130.
Children  : 50. (13 To 18). 
Children  : 30. (5 To 12).   
Below 5 Years Free. 

Camera  : 25. 
Video Camera  : 150.
SLR & Professional Camera  : 150. 

To Conduct Wedding  / Events Please Contact : 9841020149. 

Guest House Booking  : 9841422149. 

School  / College Groups Please Contact 
9841777779, 9841249600, 9884217393. 

Dakshin Chitra Contact Number   
044 27472603,  27472783.

Comments